Sunday, 29 March 2020

ഭക്തിതരംഗിണി


 ഭക്തിതരംഗിണി മാത്രാലോപ-
    ച്ചെറുഭംഗിമ ചേര്‍ന്നൊഴുകുന്നു.
മുക്തി തരും നവ ഗീതികളില്‍ തവ-
    ശക്തിയുമിഴുകിച്ചേരുന്നു.

ഗണഗണ ഗണഗണ ഗണപതിയെന്നൊരു
    ഗമകം കരളിലുമുയരുന്നു.
ഗുണഗണപതിയും ധനഗണപതിയും
    പ്രണവപ്പൊരുളെന്നറിയുന്നു.

ജീവിതമെഴുതുമെഴുത്താണിത്തല-
    യെന്നുടെ തലയിലുമമരുന്നു.
കാവ്യാനന്ദതരംഗാവലികളി-
    ലരുണിമയമലം പുലരുന്നു.

തുമ്പിക്കരമതിലന്‍പിന്‍ കുംഭം
    കുംഭോദര നീയേന്തുന്നു.
തുമ്പപ്പൂമൃദുവരമായറിവി-
    ന്നിതളുകളെങ്ങും ചൊരിയുന്നു.

Read in Amazone Kindle

Sunday, 22 March 2020

നൂറ്റെട്ടു തേങ്ങ


നൂറ്റെട്ടു തേങ്ങ നടയിലുടച്ചു ഞാന്‍
നോറ്റുന്നു നോമ്പു, നീ നോക്കുകെന്നെ.
നൂറ്റെട്ടു നാമങ്ങള്‍ നിത്യം ജപിച്ചുള്ളു-
നീററുന്നു പോറ്റി, നിന്നെഴുത്താണി ഞാന്‍.

അമ്മയ്ക്കു കാവലായ് നില്ക്കും ഗണപതി
അച്ഛനും സംപ്രീതിയേകുന്നു നീ.
വിഘ്‌നങ്ങള്‍ തീര്‍ക്കുന്ന മന്ത്രം ഗണപതി
ക്ഷിപ്രപ്രസാദിയാം ദേവനും നീ.

മൂഷികവാഹന നിന്നെസ്സുരാദികള്‍
മൂവലം വച്ചു നമിച്ചിടുന്നു.
ഏത്തമിട്ടുണ്ണി ഞാന്‍ തൊഴുതെഴുതുമ്പോള്‍
ഏറുന്നു മോദമെന്നുള്ളിലെന്നും.


Read in Amazone Kindle

Monday, 16 March 2020

ചുണ്ടാണ്...

ചുണ്ടാണ്, ലിപ്സ്റ്റിക്കിനുള്ളിൽ ചിരിക്കുന്ന
ചെണ്ടാണ്, പൂ കണ്ടു മൂളിയടുക്കുന്ന
വണ്ടാണ്, തേനുണ്ടു തെന്നിക്കുടുങ്ങുമ്പോൾ
രണ്ടാണ് നാമെന്നതാദ്യം മറക്കും...

Sunday, 15 March 2020

കൊട്ടത്തേങ്ങയുമവലും മലരും


കൊട്ടത്തേങ്ങയുമവലും മലരും
മുട്ടാതുള്ളിലൊരുക്കീടാം.
മുട്ടും തട്ടും മന്ദതയും കടു-
കട്ടിയിരുട്ടും നീക്കീടു...

കറുക പറിച്ചൊരു മാല കൊരുക്കാം
കളഭക്കൂട്ടുമൊരുക്കീടാം.
കുടവയറുണ്ണിക്കപ്പം മോദക-
മടയും കരളില്‍ കരുതീടാം...

കാടുകള്‍ കാട്ടി കാട്ടിലിടഞ്ഞടി-
തെറ്റിപ്പോകാതെന്നാളും
കുട്ടികളെത്തിരുതുമ്പിക്കരമതി-
ലൊട്ടുപിടിച്ചു നടത്തീടൂ...


Read in Amazone Kindle

Sunday, 8 March 2020

സദ്ഗതി


കണ്‍തുറന്നൊന്നു നോക്കവെയുള്ളിലും
കണ്ടു തുമ്പിയുയര്‍ത്തുന്നൊരുണ്ണിയെ.
കുഞ്ഞുകണ്ണകള്‍ ചിമ്മിച്ചിരിക്കുന്നു
കുഞ്ഞിളം കാതിളക്കിച്ചിണുങ്ങുന്നു.

ഉണ്ടശ്ശർക്കര, തേന്‍ കരിമ്പപ്പവും
ഉണ്ടു മോദകം പായസം തേങ്ങയും
തുമ്പ തോല്ക്കും മലര്‍പ്പൊരി കല്ക്കണ്ടം
തുമ്പി തൊട്ടൊക്കെയേല്‍ക്കുകെന്‍ ജന്മവും.

കൂടെയുണ്ടെന്നൊരാത്മവിശ്വാസവും
കൂടെ നീ തന്ന പ്രത്യക്ഷ ബോദ്ധ്യവും
പോരുമിജ്ജീവരഥ്യയിലപ്പുറം
പോരുവാനുണ്ണി, നീ തന്നെ സദ്ഗതി.
Read in Amazone Kindle

Saturday, 7 March 2020

വന്യകാമാന്ധകാരം


വനിതാദിനം ദിവ്യധന്യം നിഗൂഢം
തനിസ്വാർത്ഥ സ്നേഹം ചതിക്കാളകൂട-
ക്കനിക്കൂട്ടുകെട്ടും ചിരിച്ചാന്തുപൊട്ടും
മനിതാഭിമാനം ചെളിക്കുണ്ടിലാഴ്ത്തും
വനിതാവരം വന്യകാമാന്ധകാരം.

സ്പെഷ്യൽ ടീച്ചേർസ് സംസ്ഥാന കലോത്സവം

Sunday, 1 March 2020

ഗണപതിയുണ്ണീ മുന്നില്‍ വരൂ...


ഗണപതിയുണ്ണീ മുന്നില്‍ വരൂ...

ഗജമുഖ ചിരിയുതിരും മിഴി 
    ചിമ്മി വരൂ
മണികള്‍ കിലുക്കും താള-
    ച്ചുവടിലുലഞ്ഞു വരൂ

അമ്മ വിളിക്കുന്നുണ്ണിഗ്ഗണപതി
    കുംഭകുലുക്കി വരൂ
മൂഷികവാഹനമേറിത്തുമ്പിയുയര്‍ത്തി-
    ച്ചെവികളുമാട്ടി വരൂ

കുടവയര്‍ നിറവയര്‍ കവിളില്‍ ചേര്‍ത്തെ-
    ന്നുണ്ണീയുമ്മ തരാം.
മടിയാതൊറ്റക്കൊമ്പാലെന്‍കരള്‍ തൊട്ടൊ-
    ന്നുഴിയുക വിഘ്നഹരേ.

അടരും ശിവമയചന്ദനമഴയില്‍
    കുതിരും മനമാകെ
വിടരും മലര്‍മണസുഖഗംഗാവര-
    മണിയും കതിരായോടിവരൂ...Read in Amazone Kindle